പത്തനംതിട്ട: കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ വേതനത്തിൽ ഇൻസെന്റീവായി അനുവദിച്ച 1500 രൂപയുടെ വർധന പിൻവലിച്ച നടപടിയിൽ ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രതിഷേധിച്ചു.
വിരമിക്കൽ ആനുകൂല്യം 50000 രൂപയാക്കിയതും പിൻവലിച്ചതിലൂടെ രാജ്യത്തെ പത്തുലക്ഷത്തോളം വരുന്ന ആശമാരെ കേന്ദ്ര സർക്കാർ കബളിപ്പിച്ചിരിക്കുകയാണെന്നും ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ആശമാരുടെ വേതനം 900 രൂപയും ഇൻസെന്റീവ് 3000 രൂപയുമാക്കി നൽകിയത് എൽഡിഎഫ് സർക്കാരാണ്. 8300 രൂപയുടെ വർധനയാണ് കഴിഞ്ഞ രണ്ട് ടേമുകളായി കേരളം ഭരിച്ച എൽഡിഎഫ് സർക്കാരുകളിൽ നിന്ന് ആശമാർക്കുണ്ടായത്. വീണ്ടും എൽഡിഎഫ് അധികാരത്തിലെത്താൻ ആശമാർ യോജിച്ചു പോരാടുമെന്നും ഭാരവാഹികൾ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് എം.ബി. പ്രഭാവതി, ജില്ലാ പ്രസിഡന്റ് ബിന്ദു സാം, സെക്രട്ടറി ബിന്ദു എന്നിവർ പറഞ്ഞു.